കോര്‍പ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി; താത്കാലിക ഒഴിവുകളില്‍ നിയമനം ഇനി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി

കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച സംഭവം വിവാദമായതോടെ കോര്‍പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍. കോര്‍പറേഷനിലെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍.

നവംബര്‍ ഒന്നിന് മേയര്‍ അയച്ച കത്താണ് പുറത്തുവന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള മേയറുടെ പേരിലുള്ള കത്തായിരുന്നു ഇത്.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത് .കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.