പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ വയനാട്ടില്‍ 21 വോട്ടുമായി പ്രിയങ്ക ഗാന്ധിയും ചേലക്കരയില്‍ യുആര്‍ പ്രദീപ് 30 വോട്ടുകള്‍ക്കും പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി 18 വോട്ടിനും മുന്നിലാണ്.
ഷാഫി പറമ്പിലിനും വി.കെ. ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.സരിനും എത്തി. ചേലക്കരയിലെ പോളിംഗ് കേന്ദ്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപും ഡിഎംകെ സ്ഥാനാര്‍ഥി എം.കെ. സുധീറും സ്‌ട്രോംഗ് റൂം തുറക്കുന്നതിന് സാക്ഷിയാകാനായി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു.
ഒന്‍പത് ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും. ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിര്‍ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു യുഡിഎഫിനു വാദം ഉയര്‍ത്താം.
വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മറ്റു മുന്നണികള്‍ക്ക് അവിടെ പ്രതീക്ഷയുമില്ല. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മില്‍ അതു പ്രതിസന്ധി സൃഷ്ടിക്കും. ബിജെപി പാലക്കാട് വിജയം പ്രതീക്ഷിക്കുന്നുണ്ട്. അവിടെ വിജയിച്ചാല്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിലെ വിജയത്തിന്റെ തുടര്‍ച്ചയാകും അത്. തെരഞ്ഞെടുപ്പു ഫലങ്ങള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും മൂന്നു മുന്നണികളുടെയും നേതൃത്വങ്ങള്‍ക്ക് നിര്‍ണായകമാണ്.