കൊല്ലത്ത് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ചോട്ടു എന്ന വളര്‍ത്തു നായയെ കാണാനില്ല. കരിങ്ങന്നൂര്‍ സ്വദേശിയായ ദിലീപ് കുമാറിന്റെ അനുസരണാശീലമുള്ളതും പ്രത്യേക കഴിവുകളുമുള്ള നായയാണ് ചോട്ടു. രണ്ട് ദിവസമായി ചോട്ടുവിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും അന്വേഷണത്തിലാണ്.
തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലയാണ് ഇയാള്‍ ചോട്ടുവിനെ കണ്ടിരുന്നത്. മലയാളം മനസിലാക്കുന്ന ഈ നായ ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്ത് നല്‍കുക, വീട്ടില്‍ ജനല്‍ അടക്കുക, ബൈക്കിന്റെ താക്കോല്‍ എടുത്തു കൊണ്ടു വരുക എന്നീ കാര്യങ്ങള്‍ എല്ലാം ചോട്ടുവാണ് ചെയ്തിരുന്നത്. ഇതിന് പുറമെ കൃഷിയില്‍ സഹായിക്കുകയും ചെയ്തിരുന്നു.
ജനുവരി 31ന് രാത്രിയാണ് അവസാനമായി ചോട്ടുവിനെ കണ്ടത്. എല്ലാവര്‍ക്കും ഒപ്പം ഉറങ്ങാന്‍ കിടന്ന ചോട്ടു രാവിലെ ആരെയും വിളിച്ചുണര്‍ത്താന്‍ എത്തിയില്ല. കുറുമ്പ് കാണിച്ച് നായ മാറി നില്‍ക്കുകയായിരുന്നു എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും നായയെ കാണാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തയെങ്കിലും എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് വളര്‍ത്തു നായയെ കാണാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കി. സാമൂഹ്യമാധ്യമങ്ങളിലൂടെയും ചോട്ടുവിനായുള്ള അന്വേഷണം നടക്കുന്നുണ്ട്. ചോട്ടുവിനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍.