രാജ്യം ധ്രൂവീകരിക്കപ്പെടുന്നു, ദേശീയ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപെടുന്നുവെന്ന് ബിഷപ്പുമാര്‍

മതത്തിന്റെ ഇടപെടല്‍ മൂലം രാജ്യം ധ്രുവീകരിക്കപ്പെടുന്നുവെന്നും സമുദായത്തിന് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നും കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ്. രാജ്യത്താകമാനം സെമിനാരികള്‍ക്കെതിരേയും ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേയും നടക്കുന്ന തുടരെയുള്ള അക്രമങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പ്രാപ്തമല്ല. ഇത്തരം കേസുകളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിഷ്‌കളങ്കരായ പുരോഹിതര്‍ക്കെതിരയെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപടികെളെടുക്കുന്നത്. ഇതെല്ലാം സര്‍ക്കാരിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്-സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് വ്യക്തമാക്കി.

മധ്യപ്രദേശിലെ പുരോഹിതരെ നിര്‍ബന്ധ മതപരിവര്‍്ത്തനം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ ഉന്നതതലസമിതി ആശങ്ക പങ്കുവച്ചത്.

“രാജ്യം മതത്തിന്റെ ഇടപഴകല്‍ മൂലം ധ്രുവീകരിക്കപ്പെടുന്നു. ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത് സംഭവിക്കുന്നത് ദുഃഖകരമാണ്. എന്റെ രാജ്യം മതേതരത്വവും ഏകത്വവുമുള്ളതായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്”. അദ്ദേഹം പറഞ്ഞു.മധ്യപ്രദേശിലെ ഗ്രാമത്തില്‍ നടന്ന സംഭവം എന്താണെന്ന് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി അനുസരിച്ചായിരിക്കാം അറസ്റ്റ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സാത്ന ഗ്രാമത്തില്‍ കരോള്‍ ആലപിച്ച 30 ക്രിസ്തീയ പുരോഹിതരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുരോഹിതര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പരാതി.