വടകരയില്‍ 'മുങ്ങി' കോഴിക്കോട് 'പൊങ്ങി' ! മൊബൈല്‍ ഷോപ്പുടമയും ജീവനക്കാരിയും ഒളിച്ച് താമസിച്ച വീട്ടില്‍ കള്ളനോട്ടടി

വടകരയില്‍ നിന്ന് കാണാതാവുകയും പിന്നീട് കോഴിക്കോട് നിന്ന് പിടിയിലാവുകയും ചെയ്ത് മൊബൈല്‍ഷോപ്പുടമയും ജീവനക്കാരിയും ഒളിച്ചു താമസിച്ച വാടക വീട്ടിൽ കള്ളനോട്ടടി. നിര്‍മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും വ്യാജലോട്ടറി ടിക്കറ്റുകളും കള്ളനോട്ട് നിര്‍മാണത്തിനായി സജ്ജമാക്കിയ കടലാസുകെട്ടുകളും പൊലീസ് കണ്ടെടുത്തു. വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ് (23), ഒഞ്ചിയത്തെ മനക്കല്‍ പ്രവീണ(32) എന്നിവരെയാണ് ശനിയാഴ്ച രാത്രി കോഴിക്കോട് ജയില്‍ റോഡിലെ വാടകവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ 11-ന് മൊബൈല്‍ ഷോപ്പുടമ മുഹമ്മദ് അംജാദിനെയും രണ്ടുമാസത്തിനുശേഷം ഷോപ്പിലെ ജീവനക്കാരി പ്രവീണയെയും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസിന് ലഭിച്ചത് ഇരുവരുടെയും സാമ്പത്തിക ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഡിസംബര്‍ ഒമ്പതിന് ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയ പൊലീസിന് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും ലഭിച്ചു. മൂന്ന് പ്രിന്റര്‍, ഒരു ലാപ്ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍, രണ്ട് കെട്ട് കടലാസ് എന്നിവയുടെ സഹായത്തോടെയാണ് ഇവർ കള്ളനോട്ടുനിര്‍മാണം നടത്തിയിരുന്നത്. ഒറിജിനല്‍ നോട്ട് സ്‌കാന്‍ ചെയ്ത് കളര്‍പ്രിന്റെടുത്താണ് ഇവര്‍ കള്ളനോട്ട് നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഇവര്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി മീഡിയ വണ്‍ ചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവര്‍ നിര്‍മിച്ചിട്ടുള്ളത്. അംജാദിന്റെ ഫോട്ടോ പതിച്ച കാര്‍ഡില്‍ പേര് അജുവര്‍ഗീസെന്നാണ്. ക്യാമറമാനാണെന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണട ധരിച്ച ഫോട്ടൊ വെച്ച് പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോനായി.രാത്രികാലങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഈ കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ ബേപ്പൂരില്‍ നിന്ന് സ്‌കൂട്ടറില്‍ വരികയായിരുന്ന അംജാദ് പൊലീസ് കൈകാണിച്ചപ്പോള്‍ ചാനല്‍ ഐ.ഡി. കാര്‍ഡ് കാണിച്ചാണ് രക്ഷപ്പെട്ടത്.

അഞ്ഞൂറ് രൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് ഇവര്‍ വ്യാജമായി നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ചിലത് കോഴിക്കോടുള്ള ലോട്ടറി വില്‍പനക്കാരന് നല്‍കി തുക വാങ്ങിയിട്ടുമുണ്ട്. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാന്‍ ബക്കറ്റിലാണ് സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള രഹസ്യക്യാമറ സ്ഥാപിച്ചത്. പൊലീസ് ക്രൈംബ്രാഞ്ചിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍, ഡിവൈ.എസ്.പി. ടി.പി. പ്രേമരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.