ഇ.പി ജയരാജന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോടതിയുടെ അനുമതി

നിയമസഭ കൈയാങ്കളിക്കേസിലെ മൂന്നാം പ്രതിയും മുന്‍ മന്ത്രിയുമായ ഇ.പി. ജയരാജന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോടതി അനുമതി. ഇതിന് കോടതി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കി.

നിയമസഭ കൈയാങ്കളിക്കേസിലെ പ്രതിയെന്ന പേരില്‍ പാസ്പോര്‍ട്ട് അപേക്ഷ നിരസിക്കപ്പെടാം എന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. പക്ഷേ, പ്രോസിക്യൂഷന്‍ ഇത് എതിര്‍ത്തു.

എന്നാല്‍ കേസിന്റെ ഏത് സാഹചര്യത്തിലും കോടതിയില്‍ ഹാജരായിക്കൊള്ളാം എന്ന ഉറപ്പ് പരിഗണിച്ചാണ് ഹരജി അനുവദിച്ചത്. കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് ഇടതുനേതാക്കളാണ് പ്രതികള്‍.

Read more

കേസ് ജനുവരി 31ന് പരിഗണിക്കാനിരിക്കെയാണ് മൂന്നാം പ്രതി വ്യക്തിപരമായ ആവശ്യത്തിനായി നല്‍കിയ ഹരജി കേസ് അഡ്വാന്‍സ് ചെയ്ത് വ്യാഴാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.