അന്വേഷണ ഉദ്യോഗസ്ഥൻ കാണിച്ചത് അനാവശ്യ തിടുക്കം ; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ വിമർശനം.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയാണ് ഷാജൻ സ്കറിയയോട് നിലമ്പൂരിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. മാത്രമല്ല ജില്ലാ കോടതിയുടെ പരിഗണനയിലാണ് മുൻകൂർ ജാമ്യ ഹർജി. കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തത്.

വ്യാജരേഖ കേസിലാണ് ഷാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായ സമയത്താണ് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലായിരുന്നു അറസ്റ്റ്.

ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.മൂന്ന് വർഷം മുൻപ് നടന്ന് സംഭവത്തിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി പോലും നൽകിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണൽ സെഷൻസ് ജഡ്ജ് പികെ മോഹൻദാസ് നിരീക്ഷിച്ചു.