റോബിന്‍ ബസ് വിട്ടുനല്‍കാന്‍ എംവിഡിയോട് ഉത്തരവിട്ട് കോടതി; അടുത്ത ആഴ്ച്ച മുതല്‍ പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ നീക്കം

ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടിയതിന് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പിടിച്ചെടുത്ത ബസ് വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശം. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണു ബസ് വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

മോട്ടര്‍ വാഹന വകുപ്പിനെതിരെ റോബിന്‍ ബസ് ഉടമ ബേബി ഗിരീഷാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്.

പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്.

മോട്ടോര്‍ വാഹനവകുപ്പിന് ആവശ്യമെങ്കില്‍ വാഹനം പരിശോധിക്കാം. പോലീസ് എംവിഡിക്ക് സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ബസ് വിട്ടുകിട്ടായാല അടുത്ത ആഴ്ച്ച മുതല്‍ പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ വീണ്ടും സറവീസ് ആരംഭിക്കാനാണ് റോബിന്‍ ബസ് ഉടമകളുടെ നീക്കം.

Read more

ഓള്‍ ഇന്ത്യ പെര്‍മിറ്റ് വിഷയത്തില്‍ റോബിന്‍ ബസ് ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. അടുത്ത മാസം അഞ്ചിന് ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.