സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ എച്ച്ടുഒ ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 67 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, 23 ലക്ഷം രൂപ കൂടി കമ്പനി ഉപഭോക്താവിന് നൽകണമെന്നാണ് കോടതി ഉത്തരവ്.
ഉപഭോക്താവ് എന്ന നിലയിൽ വഞ്ചിക്കപ്പെട്ടതും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതും കണക്കിലെടുത്താണ് കോടതി ഉത്തരവ്. കമ്മീഷൻ പ്രസിഡൻറ് ഡിബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ കെകെ നായരും ഭാര്യ ഗീതാ നായരും കൊച്ചിയിലെ ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കോടതി ഉത്തരവിനെ തുടർന്ന് ഫ്ലാറ്റ് പൊളിച്ച് നീക്കിയതിനാൽ പരാതിക്കാരന് പാർപ്പിടവും നിക്ഷേപിച്ച തുകയും നഷ്ടപ്പെടുകയുണ്ടായി. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തിയാണ് നിർമ്മാണ കമ്പനി പരാതികാരന് ഫ്ലാറ്റ് വിൽപ്പന നടത്തിയത്.
എന്നാൽ, കമ്പനി ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചത് കോസ്റ്റൽ റഗുലേഷൻ സോൺ (സിആർസെഡ്) നോട്ടിഫിക്കേഷൻ ലംഘിച്ചാണെന്ന് മരട് ഫ്‌ളാറ്റ് സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിൽഡറിന്റെ പ്രവർത്തികൾ വഞ്ചനാപരവും സേവനത്തിലെ പോരായ്മയും ആണെന്ന് കോടതി വിലയിരുത്തി.