ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി; വ്യാജ ആരോപണങ്ങളില്‍ വിടാതെ കെസി വേണുഗോപാല്‍; കേസ് ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കെ.സി. വേണുഗോപാല്‍ ഹര്‍ജി ഫയല്‍ചെയ്തത്.

ചാനല്‍ പരിപാടിക്കിടെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയായിരുന്നു കഴിഞ്ഞ വര്‍ഷം കെ സി വേണുഗോപാല്‍ പരാതി നല്‍കിയത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു, ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചു തുടങ്ങിയ ആരോപണമായിരുന്നു ശോഭ ഉന്നയിച്ചത്.

Read more

അഡ്വ. മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍. സനല്‍കുമാര്‍, അഡ്വ. കെ. ലാലി ജോസഫ് എന്നിവര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.