പി.കെ.നവാസിന് എതിരായ പരാതി; നജ്മ തബ്ഷീറയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത മുൻ സംസ്ഥാന ഭാരവാഹികളുടെ പരാതിയിൽ പരാതിക്കാരിയായ നജ്മ തബഷീറ യുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്മ.  കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്  ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

ഉച്ചക്ക് 3.30ന് കോടതിയിൽ എത്താനാണ് നജ്മ തബ്ഷീറക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.നജ്മ ഇന്ന് തന്നെ മൊഴി നൽകും. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ മജിസ്ട്രേറ്റിന് മുമ്പിലും ആവർത്തിക്കാനാണ് സാദ്ധ്യത.

അതേസമയം ലീഗ് വിട്ട് സി.പി.എമ്മിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫാത്തിമ തഹ്‌ലിയ രംഗത്ത് വന്നു.സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ആദർശത്തിൽ വിശ്വസിച്ചാണ് ലീഗിൽ ചേർന്നതെന്ന് ഫെയ്സ്ബുക്കില്‍ എഴുതി.

അതിനിടെ പാണക്കാട് സാദിഖലി തങ്ങളെ അതിരൂക്ഷമായി വിമർശിച്ച് ഹരിതയുടെ മുൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം. ഷിഫ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഹരിത മുൻ ഭാരവാഹികൾ ഇന്ന് കോഴിക്കോട് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നടപടിക്ക് ശേഷം ആദ്യമായാണ് മുൻ പ്രസിഡന്‍റ് മുഫീദ തസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.