അഭയ കേസ്; കോട്ടൂരും സെഫിയും കുറ്റക്കാര്‍, നിർണായക ശിക്ഷാവിധി ഇന്ന്

അഭയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് പറയും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറാണ് വിധി പറയുന്നത്. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അഭയ കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടുവരും. അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനു ശേഷമാണ് നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ഒരു വർഷം മുമ്പാരംഭിച്ച വിചാരണ നടപടികൾ ഈ മാസം 10-ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്.

കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാൽ കോടതി ഒഴിവാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കൂറുമാറിയിരുന്നു. ഒന്നാം സാക്ഷിയായ സഞ്ചു പി മാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിക്കും.

1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആത്മഹത്യയെന്ന നിഗമനത്തിലെത്തി കേസ് അവസാനിപ്പിച്ചു. 1993 മാർച്ച് 29-ന് സി.ബി.ഐ. ഏറ്റെടുത്തു.

ആദ്യഘട്ടത്തിൽ സി.ബി.ഐ.യും ആത്മഹത്യയെന്നു ശരിവെച്ചു. എറണാകുളം സി.ജെ.എം. കോടതിയുടെ കടുത്ത നിലപാടാണ് കുറ്റക്കാരെ കണ്ടെത്താൻ സി.ബി.ഐ.ക്കു പ്രേരണയായത്. മൂന്നുതവണ സി.ബി.ഐ. അന്വേഷണ റിപ്പോർട്ട് സി.ജെ.എം. കോടതി തള്ളി. 2008-ൽ സി.ബി.ഐ. കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തു.

Read more

2008 നവംബർ 19-ന് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റു ചെയ്തു. 2009 ജൂലായ് 17-നു സമർപ്പിച്ച കുറ്റപത്രത്തിൽ ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസ്‌ സ്റ്റേഷൻ എ.എസ്.ഐ. വി.വി അഗസ്റ്റിനെ നാലാംപ്രതിയായി ചേർത്തിരുന്നെങ്കിലും കുറ്റപത്രം സമർപ്പിക്കും മുമ്പ് അഗസ്റ്റിൻ ആത്മഹത്യ ചെയ്തു.