കോവിഡ് പരിശോധന നിരക്ക് കുറച്ചു; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആര്‍ടിപിസിആര്‍ നിരക്ക് 500 ല്‍ നിന്ന് 300 ലേക്ക് കുറച്ചു. ആന്റിജന്‍ നിരക്ക് 100 രൂപയായും കുറച്ചു.

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍., ഡബിള്‍ എക്സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Read more

ഇന്നലെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.