സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 514 കേസുകളും 3 മരണവും

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വർധനവ്. ഇന്നലെ 514 പേർക്ക് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കേരളത്തിൽ മൂന്ന് മരണവും രാജ്യത്താകെ ആറ് മരണവും രേഖപ്പെടുത്തി. രാജ്യത്ത് 594 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. നിലവിൽ 2341 ആക്ടീവ് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. രാജ്യത്ത് 2669 ആക്ടീവ് കേസുകള്‍ ഉണ്ട്.

രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. കോവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണമെന്നും നിലവിൽ ആശങ്കയുടെ ആവശ്യമില്ലെന്നും യോ​ഗത്തിനു ശേഷം കേന്ദ്രം അറിയിച്ചു.

Read more

അതിനിടെ കോഴിക്കോട് തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി (75) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് അലവി മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.