സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വാളയാല്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കേരള പൊലീസ്. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന ശക്തമാക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രക്കാരെ കടത്തി വിടരുതെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കയിരിക്കുന്ന നിര്‍ദ്ദേശം. പാലക്കാട് നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രധാന സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.
സംസ്ഥാനത്ത് ഞായറാഴ്ച രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍. അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ച് കൊണ്ട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. ചികിത്സ, വാക്സിനേഷന്‍ എന്നിവയ്ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവര്‍ കാരണം കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് വരെയാണ് തുറക്കുക. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രമേ അനുവദിക്കൂ.
ദീര്‍ഘദൂരബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി. ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, മരുന്ന് കടകള്‍, ആംബുലന്‍സ് എന്നിവയ്ക്ക് തടസം ഉണ്ടാകില്ല. വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി. മുന്‍കൂട്ടി ബുക്കുചെയ്തതെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം. നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകള്‍ക്കും ടാക്‌സി വാഹനങ്ങള്‍ക്കും സഞ്ചരിക്കാം. ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.
Read more
നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.