കോവിഡ് മരണത്തിൽ അപ്പീൽ; സംശയ ദൂരീകരണത്തിന് ദിശ ഹെൽപ്പ് ലൈൻ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീൽ നൽകുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെൽപ് ലൈൻ സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. ഇ-ഹെൽത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. വിവിധ സേവനങ്ങൾക്കായി 25 ഡെസ്‌കുകളാണ് പ്രവർത്തിക്കുന്നത്. 75 ദിശ കൗൺസിലർമാർ, 5 ഡോക്ടർമാർ, 1 ഫ്‌ളോർ മാനേജർ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4000 കോളുകൾ വരെ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് കഴിയും.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടുമ്പോൾ ജനങ്ങൾക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ഈ കോവിഡ് കാലത്തും വലിയ സേവനങ്ങളാണ് ദിശ നൽകി വരുന്നത്. ടെലിമെഡിക്കൽ സഹായം നൽകുന്നതിന് ഓൺ ഫ്‌ളോർ ഡോക്ടർമാരും ഓൺലൈൻ എംപാനൽഡ് ഡോക്ടർമാരും അടങ്ങുന്ന ഒരു മൾട്ടിഡിസിപ്ലിനറി ടീം പ്രവർത്തിക്കുന്നുണ്ട്. മാനസികാരോഗ്യ സഹായം നൽകുന്നതിന് സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്. ഈ സേവനങ്ങൾക്ക് പുറമേയാണ് കോവിഡ് 19 മരണത്തിനുള്ള അപ്പീലിന്റെ ഹെൽപ്പ് ലൈനായി ദിശയെ ചുമതലപ്പെടുത്തിയത്.

ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്. ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും പുതിയ സംവിധാനം വഴി അപ്പീൽ നൽകാനാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അവർക്കുള്ള അപേക്ഷ ഫോം കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതാണ്. വിജയകരമായി സമർപ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടർന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിർണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. പുതിയ ഐസിഎംആർ മാർഗനിർദ്ദേശമനുസരിച്ച് സിഡിഎസി അംഗീകാരത്തിന് ശേഷം പുതിയ ഐ.സി.എം.ആർ. മാതൃകയിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

Read more

ഡെത്ത് ഇൻഫോ പോർട്ടൽ വഴി നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാനും സാധിക്കുന്നു. ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾക്ക് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നൽകി വരുന്നുണ്ട്. ആനുകൂല്യങ്ങൾക്ക് ആ സർട്ടിഫിക്കറ്റ് മതിയാകും. ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവർക്ക് മാത്രമേ ഐസിഎംആർ മാതൃകയിലുള്ള സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ കഴിയൂ. ഇത് ആവശ്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.