കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് എന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിനിടയിൽ കോവിഡ് ചികിത്സാസഹായം നിർത്തലാക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
അലംഭാവത്തിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ 31,445 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 19.03 ശതമാനമായിരുന്നു ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 215 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.
എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കോവിഡ് കേസുകളുടെ കണക്ക്.