തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ വേണ്ടി വരുമെന്ന് മേയർ

തിരുവനന്തപുരം ജില്ലയിലെ സാഹചര്യം അതീവ ഗുരുതരം. നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ വേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഒരാഴ്ചക്കിടെ 6550 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് മരണത്തിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് തിരുവനന്തപുരം മേയർ പറഞ്ഞു.

വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഉൾപ്പടെയുള്ള നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. രോഗികളുടെ എണ്ണാം പതിനായിരത്തോട് അടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മാത്രം രോഗതീവ്രത അനുസരിച്ച് കോവിഡ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുക എന്നതാണ് രോഗവ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നയം. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കോവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണ്.

Read more

അതേസമയം സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് നിർണായക യോ​ഗം ചേരും. ഇന്ന് ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തും. ലോക്ഡൗൺ വേണ്ടെന്നാണ് പൊതു നിലപാട്. എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കടുപ്പിക്കാനായിരിക്കും തീരുമാനം.