പുതിയ കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലും, മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കും. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം നിലവില്‍ ആശങ്ക വേണ്ടെങ്കിലും കരുതല്‍ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കും. എല്ലാവരും മാസ്‌ക് ധരിക്കണം. വായും മൂക്കും മൂടത്തക്കവിധമാണ് മാസ്‌ക് ധരിക്കേണ്ടത്. പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം.
ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണമെന്ന നിര്‍ദേശങ്ങളും യോഗത്തില്‍ ആവര്‍ത്തിച്ചു. കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധന വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് തീരുമാനം.