തിരുവനന്തപുരം മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് പകരം അജ്ഞാതന്റെ മൃതദേഹം നൽകിയതായി പരാതി. വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് ബന്ധുക്കൾക്ക് നൽകിയത്.
ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് മൃതദേഹം മാറിയത് അറിയുന്നത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്റെ നിർദേശാനുസരണം ആർ എം ഒ ആണ് അന്വേഷണം നടത്തുന്നത്.
മൃതദേഹം കൈമാറിയ മോർച്ചറി ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷണം. അതേസമയം സംസ്കരിക്കുന്നതിന് തൊട്ടുമുൻപ് ദേവരാജന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.