സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായേക്കാമെന്ന് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടായേക്കാം. ആ സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആശങ്കാജനകമായ സാഹചര്യം മുന്നിൽ കണ്ട് ഓരോ പഞ്ചായത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ ഒരുക്കും.
ഓഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സമ്പര്‍ക്കത്തിലൂടെയുണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക. അതുകൊണ്ട് ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 കടക്കും. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. കൂടുതല്‍ ബെഡ്‍ഡുകള്‍ സജ്ജീകരിക്കണം. സ്വകാര്യ ആശുപത്രികളിലടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം – ഇതെല്ലാമായിരുന്നു കോവിഡുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭായോഗത്തിന്‍റെ വിലയിരുത്തല്‍.
ഈ മാസം 27- ന് നിയമസഭാ സമ്മേളനം ചേരും. ധനബില്ല് പാസ്സാക്കാനാണ് നിയമസഭാ സമ്മേളനം ചേര്‍ക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. സാമൂഹിക അകലം പാലിക്കാനായി 35 അധിക ഇരിപ്പിടം ഉറപ്പാക്കും. ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കും. പരമാവധി അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും. സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ഒരു ദിവസം കൊണ്ടു തന്നെ ധനബില്ല് പാസാക്കി സമ്മേളനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം എം ശിവശങ്കറിനെതിരായ നടപടി മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. മന്ത്രിസഭാ യോഗത്തിനിടെ സെക്രട്ടറിയേറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.