സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 20 ശതമാനത്തിന് മുകളില്‍. സംസ്ഥാനത്തെ ടിപിആര്‍ 28.25 ശതമാനമാണ്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്, 35 ശതമാനം. ഏറ്റവും കുറവ് ആലപ്പുഴ, 20 ശതമാനം.
രാജ്യത്ത് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവുമധികം ടിപിആര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. ഒരു മാസം മുന്‍പ് സംസ്ഥാനത്ത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു ഇത്. ഇന്ത്യയില്‍ ടിപിആര്‍ 5.5 ശതമാനം ആയ സാഹചര്യത്തിലാണ് കേരളത്തിലേത് 20 ശതമാനമായി ഉയര്‍ന്നത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ സമൂഹവ്യാപന സൂചനയാണ് കാണിക്കുന്നത്. അതേസമയം അഞ്ച് ശതമാനത്തില്‍ താഴെ ആണെങ്കില്‍ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പറയാന്‍ കഴിയൂ.
സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, യുപി, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.