കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി- പി.സി.ആര്‍ നിര്‍ബന്ധമാക്കി ഉത്തരവ്

സംസ്ഥാനത്ത് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍, ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ കൂടി ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമായി നടത്തണം. രണ്ടു പരിശോധനകള്‍ക്കുമുള്ള സാമ്പിളുകള്‍ ഒരേ സമയം ശേഖരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിൻറെ പുതിയ മാര്‍ഗനിര്‍ദേശം.

കഴിഞ്ഞദിവസം ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

നിലവില്‍ സംസ്ഥാനത്ത് 61,281 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 9,41,471 പേരാണ് ഇതുവരെ രോഗത്തില്‍ നിന്ന് മുക്തി നേടിയത്. ഇന്ന് 39,463 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് 2884 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴു ശതമാനത്തിന് മുകളിലാണ്. ഇത് കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശം.