ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസ്

എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസെടുത്തു. ദിപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് പൊലീസ് പറയുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കും. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കിഴക്കമ്പലത്ത് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ശേഷം കാക്കനാട് ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Read more

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ശനിയാഴ്ച ഇവിടെ വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദ്ദിച്ചു. പരിക്കേറ്റ ദീപുവിനെ പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.