പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ വിമര്‍ശിച്ച് മുന്‍ മാധ്യമപ്രവര്‍ത്തകനും കേരളാ സര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ അരുണ്‍കുമാര്‍. മനുഷ്യന്‍ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുമെന്ന് അവര്‍ക്ക് അത്രമേല്‍ ഉറപ്പായതു കൊണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേസം കേന്ദ്രം പുറപ്പെടുവിച്ചതെന്ന് അരുണ്‍ കുമാര്‍ വിമര്‍ശിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
അതങ്ങനെ ചിരിച്ചു കളയാന്‍ വരട്ടെ. മനുഷ്യന്‍ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുമെന്ന് അവര്‍ക്ക് അത്രമേല്‍ ഉറപ്പായതു കൊണ്ട് അവര്‍ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്. ഡീഹ്യുമനൈസ് ചെയ്യാതെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല, ഇന്നേവരെ. ഈ പശുവാലിംഗന തിട്ടൂരം അതിലൊരു ശ്രമമാണ്.
ചുരുങ്ങിയ പക്ഷം ഇപ്പോഴും ശുദ്ധി വരുത്താന്‍ പശു മൂത്രം ഉപയോഗിക്കുന്ന നാട്ടില്‍, ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയില്‍, കൊമ്പിനിടയില്‍ റേഡിയോ ഫ്രീക്വന്‍സി തിരയുന്ന മനുഷ്യരുടെ സമൂഹത്തില്‍, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയില്‍ പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല, സീരിയസ്സാണ്.
അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ, ചുംബനങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രണയം ധീരമാണ്, അതു വിപ്ലവവുമാണ് എന്ന് പറഞ്ഞത് തിരുനല്ലൂര്‍ കരുണാകരനാണ്.