സിപിഐയെ വലവീശി പിടിക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസ് നേതാവ് സി.പി.ഐയുടെ മുതിര്‍ന്ന നേതാവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

കേരളാ കോണ്‍ഗ്രസി(എം) എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന വ്യക്തമായ സൂചന ലഭിച്ചതോടെ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് സി.പി.ഐയുടെ സമുന്നതനായ നേതാവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ച ചരിത്രം ആവര്‍ത്തിക്കുന്നതിനു തടസമില്ലെന്ന നിലപാടാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റേതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

19 എം.എല്‍.എമാരുമായി എല്‍.ഡി.എഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയോട് സി.പി.എമ്മിനുള്ള എതിര്‍പ്പ് പരസ്യമാണ്. സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചും എന്‍.സി.പി. അടക്കമുള്ള ചെറുകക്ഷികളെ സി.പി.എം. ചിറകിനടിയില്‍ സംരക്ഷിച്ചതിനു കാരണം മറ്റൊന്നല്ല. സി.പി.ഐ. മുന്നണി വിട്ടാല്‍പ്പോലും കെ.എം. മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എമ്മിന്റെ നിലപാട്.

യു.ഡി.എഫ്. വിട്ട എം.പി. വീരേന്ദ്ര കുമാറിന്റെ ജെ.ഡി.യു. ഇടതുമുന്നണിയില്‍ തിരിച്ചെത്തുകയാണ്. മാണി ഗ്രൂപ്പ് കൂടി എത്തുന്നതോടെ മുന്നണിയില്‍ തങ്ങളുടെ പ്രാധാന്യം ഇല്ലാതാകുമെന്നു സി.പി.ഐ. കരുതുന്നുണ്ട്. മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശത്തെ സി.പി.ഐ. നഖശിഖാന്തം എതിര്‍ക്കുന്നത് ഇതുകൊണ്ടാണ്. മാണിയുടെ എലഡിഎഫിലേക്കുള്ളവരവിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സിപിഐയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ്.