ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ച് കാനം അറിഞ്ഞു തന്നെയാണെന്നും, ഇപ്പോള്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പ്രതികരിച്ചു. മാര്‍ച്ചിനിടെ സി.പി.ഐ, എം.എല്‍.എ എൽദോ എബ്രഹാമിന്‍റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമര്‍ശിക്കാതെ പ്രതികരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
നാളെ രാവിലെ പത്തു മണിക്ക് ആലുവയില്‍ മൂന്നു ജില്ലകളിലെ മേഖല റിപ്പോര്‍ട്ടിംഗില്‍ കാനം പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും കാനം പങ്കെടുക്കുന്നുണ്ട്. ഈ വേദിയില്‍ വെച്ച് വിശദാംശങ്ങള്‍ കാനത്തെ അറിയിക്കുമെന്നാണ് പി. രാജു വ്യക്തമാക്കുന്നത്. ഇക്കാര്യത്തിലുള്ള അമര്‍ഷം യോഗത്തില്‍ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ നേതാക്കളെ കാനം സന്ദര്‍ശിക്കാനെത്താത്തതും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്.
എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്കെതിരായ പൊലീസ് നടപടിയെ കുറിച്ച് കാനം പറഞ്ഞതിങ്ങനെ: “”അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സി.പി.ഐ പ്രതികരിക്കൂ””.
ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സി.പി.ഐയുടെ മാര്‍ച്ച്.
അതേസമയം കാനത്തിന്റെ പ്രതികരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് മര്‍ദ്ദനത്തില്‍ കയ്യൊടിഞ്ഞ എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. സമരത്തിനിടയിലെ പൊലീസ് നടപടി സ്വഭാവികമെന്നാണ് കാനം ഉദ്ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്തിയില്ലെന്നും എല്‍ദോ പറഞ്ഞു.