കെ റെയില്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ദുരീകരിക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കെ റെയില്‍ സംസ്ഥാനത്തിന് ആവശ്യമായ പദ്ധതിയാണ്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. അതിനാല്‍ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂവെന്ന് പ്രകാശ് ബാബു വ്യക്തമാക്കി.
കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്ത് വിടണം. സംസ്ഥാനത്തിന്റെ വികസനത്തിന് പദ്ധതി ആവശ്യമാണ്. അതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ നടപ്പിലാക്കുമ്പോള്‍ സ്ഥലമേറ്റെടുക്കല്‍ വഴി എത്ര പേര്‍ കുടിയൊഴിപ്പിക്കപ്പെടും, ഇവരുടെ പുനരധിവാസം എങ്ങനെ നടപ്പിലാക്കും എന്നതില്‍ ഒന്നും വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരുത്തിയ ശേഷം പദ്ധതി നടപ്പിലാക്കണമെന്ന് പ്രകാശ് ബാബു പറഞ്ഞു.
ഇത്തരം വികസന പദ്ധതികള്‍ വരുമ്പോള്‍ അത് എങ്ങനെ ആളുകളെ ബാധിക്കുന്നു എന്നത് കൂടി നോക്കണം എന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും, കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് നീങ്ങിയതാണ് സിപിഐ നേതൃത്വത്തെയും ചൊടിപ്പിച്ചത്.
ജനങ്ങളുമായി ചര്‍ച്ച നടത്താതെ കെ റെയിലുമായി മുന്നോട്ട് പോകുന്നതിനെ കഴിഞ്ഞ ദിവസം ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചിരുന്നു. കെ റെയില്‍ സമ്പന്ന താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയുള്ള പദ്ധതിയാണെന്നും, ഇതിന് പിന്നില്‍ അഴിമതി നടക്കുന്നുവെന്നും പരിഷത്ത് ആരോപിച്ചിരുന്നു.