'ഷാഹിനയുടെ മരണത്തിന് പിന്നില്‍ സിപിഐ നേതാവിന് പങ്ക്'; പരാതിയുമായി ഭര്‍ത്താവ് രംഗത്ത്

പാലക്കാട് മണ്ണാര്‍ക്കാട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തില്‍ പരാതിയുമായി ഭര്‍ത്താവ് സാദിഖ് രംഗത്ത്. ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെയാണ് സാദിഖ് സിപിഐ ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. സിപിഐ നേതാവിനെതിരെ പൊലീസിലും മൊഴി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ ഷാഹിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്നു ഷാഹിന. ഇവരുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിദേശത്തായിരുന്ന സാദിഖ് നാട്ടിലെത്തിയത്.

സിപിഐ നേതാവായ സുഹൃത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. തന്റെ കുടുംബ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചായിരുന്നു ബാധ്യത തീര്‍ത്തത്. ഇത് കൂടാതെ വ്യക്തിഗത വായ്പയും എടുത്തിരുന്നെന്നും സാമ്പത്തിക ബാധ്യതയാണ് ഷാഹിനയുടെ മരണത്തിന് കാരണമെന്നും സാദിഖ് ആരോപിക്കുന്നു.

Read more

ഷാഹിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാഹിനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. ഷാഹിനയുടെ ഫോണും ഡയറിയും ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.