എഐഎസ്എഫ് വനിതാ നേതാവിനെതിരായ എസ്എഫ്‌ഐ ആക്രമണത്തില്‍ സിപിഐയ്‌ക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. സിപിഐ നേതാക്കള്‍ക്ക് വിഷയത്തില്‍ പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും, നട്ടെല്ല് നഷ്ടമായെന്നുമാണ് സുധാകരന്റെ വിമര്‍ശനം. സിപിഐ വിടാനാഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, കോണ്‍ഗ്രസില്‍ ഏകാധിപതികളില്ലെന്നും സുധാകരന്‍ പറഞ്ഞു.
എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് നിമിഷ രാജു ഉയര്‍ത്തിയത്. എംജി സര്‍വകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്നും അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. നിയമം നിയമത്തിന്റെ വഴിയില്‍ പോയില്ലെങ്കില്‍ അത് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനറിയാമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.