കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെയും ജോസ് കെ മാണിക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച കൗണ്‍സിലറെ പുറത്താക്കി സിപിഎം. പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സിപിഎം പുറത്താക്കിയിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് -എം അധ്യക്ഷന്‍ ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ബിനു പുളിക്കകണ്ടം വിമര്‍ശനം ഉന്നയിച്ചിരുന്നു. പാലാ നഗരസഭയില്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് നിലവില്‍ ബിനു പുളിക്കകണ്ടം.
ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു. ജനങ്ങളെ നേരിടാന്‍ ഭയമുള്ളതിനാലാണ് ജോസ് കെ.മാണി രാജ്യസഭയിലേക്ക് പോകുന്നതെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞിരുന്നു.
Read more
പാലാ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരളാ കോണ്‍ഗ്രസ് -എം നിലപാട് എടുത്തിരുന്നു. തുടര്‍ന്ന് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും വെള്ള ഷര്‍ട്ട് മാറ്റി കറുപ്പ് വസ്ത്രം അണിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയും ജോസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് അദേഹത്തെ സിപിഎം ജില്ലാ കമ്മറ്റി തിടുക്കപ്പെട്ട് പുറത്താക്കിയത്.