ഘടക കക്ഷി സ്ഥാനാര്‍ത്ഥികളില്‍ നിന്നും സി.പി.ഐ.എം നേതാക്കള്‍ നേരിട്ട് പണം കൈപ്പറ്റി; നയവ്യതിയാനം അംഗീകരിച്ച് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

ഘടക കക്ഷി നേതാക്കള്‍ മത്സരിക്കുന്ന ചില മണ്ഡലങ്ങളില്‍ സിപിഐഎം നേതാക്കള്‍ നേരിട്ട് പണം വാങ്ങുന്നുവെന്ന് സിപിഐഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ഇത് പാര്‍ട്ടി തുടരുന്ന ശൈലിയുടെ ലംഘനമെന്നാണ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തിരുത്തപ്പെടേണ്ട ദൗര്‍ഭാഗ്യങ്ങള്‍ എന്ന ഭാഗത്താണ് ഇക്കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ജൂലൈ 9, 10 തിയതികളില്‍ സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചാരണ ശൈലി ഉണ്ട്. ചിലയിടങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ സ്ഥാനാര്‍ത്ഥിയാകുന്നതിനായി മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരടുവലികളും നടത്തുന്ന ചിലരും പാര്‍ട്ടിയിലുണ്ടെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ മാറി വോട്ടു ചെയ്യുന്ന പ്രവണതയും കൂടി വരുന്നതായി അവലോകന റിപ്പോര്‍ട്ട് പറയുന്നു.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി മതനേതാക്കളെ കൊണ്ട് ശിപാര്‍ശ ചെയ്യിക്കുന്ന പ്രവണതയും ചില പാര്‍ട്ടി നേതാക്കളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം സംഭവങ്ങള്‍ നടന്ന ജില്ലകളിലെ പത്ത് ഘടകങ്ങള്‍ പരിശോധിച്ച് തിരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.