സി.പി.ഐ നേതാക്കള്‍ക്ക് മർദ്ദനമേറ്റ ലാത്തിച്ചാർജ് വിവാദത്തിൽ എറണാകുളം സെൻട്രൽ എസ്.ഐയെ സസ്പെൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസ്.ഐ യായ വിപിൻ ദാസിനെയാണ് കൊച്ചി ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
എസ്.ഐ വിപിൻ ദാസിന് നോട്ടക്കുറവുണ്ടായി എന്നും എൽദോ എബ്രഹാം എം.എൽ.എ യെ തിരിച്ചറിയുന്നതിൽ വീഴ്ച്ച പറ്റി എന്നുമാണ് വിലയിരുത്തൽ. അതേസമയം എസ്.ഐയെ സസ്‌പെൻഡ് ചെയ്ത നടപടിയെ എൽദോ എബ്രഹാം സ്വാഗതം ചെയ്തു ഞാറയ്ക്കൽ സി.ഐ ക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതായും ആരോപണമുയര്‍ന്നിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന് വിരുദ്ധമായ നടപടിയാണ് എസ്ഐ യുടെ സസ്പെൻഷനിലൂടെ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് ഡി.ജി.പി റിപ്പോർട്ട് നൽകിയത്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്ത് പറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയെ ഡി.ജി.പി അറിയിച്ചത്. പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടി ഉണ്ടായത് എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.