സംസ്ഥാനത്ത് കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുതെന്ന് സിപിഐ. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പദ്ധതിക്ക് പാര്‍ട്ടി എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ചു മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന മുന്നണി തീരുമാനത്തിന് പിന്നാലെയാണ് വേറിട്ട അഭിപ്രായവുമായി സിപിഐ രംഗത്തെത്തുന്നത്. കല്ലിടാനെത്തുന്നത് തടയുമെന്നും ജയിലില്‍ പോകുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.
അതിനിടെ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും സംസ്ഥാന വ്യപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നു. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കാതെ പ്രതിഷേധിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന മലപ്പുറം തിരുനാവായിലെ സര്‍വേ മാറ്റിവെച്ചു. കോട്ടയം പെരുമ്പായിക്കാട് നട്ടാശേരി വായനശാലയില്‍ കല്ലിടലിനായി ഇന്ന് ഉദ്യോഗസ്ഥര്‍ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തിനായി സംഘടിച്ചിരിക്കുകയാണ്.
കോഴിക്കോട് കല്ലായില്‍ കല്ലിടലിനായി പൊലീസിന് ഒപ്പം അധികൃതര്‍ എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ ചോറ്റാനിക്കരയില്‍ ഇന്ന് ഇന്ന് സര്‍വേ പുനരാരംഭിക്കും. ഇതിനായി വന്‍ പൊലീസ് സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ കല്ലിടാന്‍ അനുവദിക്കാതെ കടുത്ത പ്രതിരോധം തീര്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ അടിയാക്കല്‍ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സമരക്കാര്‍ക്ക് നേരെ പ്രകോപനപരമായി പെരുമാറരുതെന്നും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും ഡിജിപി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.