കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡിസംബര്‍ 28നാണ് പെരിയ ഇരട്ടക്കൊലക്കേസ് സംബന്ധിച്ച കോടതിവിധി വന്നത്. അതേദിവസംതന്നെയാണ് വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി ട്രഷററുമായ ബത്തേരി മണിച്ചിറക്കല്‍ എന്‍ എം വിജയനും മകന്‍ ജിജേഷും വിഷം അകത്തു ചെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു മരിച്ച വിജയന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങിയെന്ന വന്‍ അഴിമതിയാണ് ഇവരുടെ മരണത്തോടൊപ്പം പുറത്തുവന്നത്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് മുന്‍ ഡിസിസി പ്രസിഡന്റും ഇപ്പോള്‍ എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന് ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങി നല്‍കിയ തുക തിരികെ നല്‍കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിജയന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്കു നല്‍കിയ കത്തും പണം നല്‍കിയ ഉദ്യോഗാര്‍ഥിയുടെ പിതാവുമായി വിജയന്‍ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്.
മരണത്തിന് തൊട്ടുമുമ്പുവരെ പണം തിരിച്ചു ലഭിക്കാന്‍ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും ഫലം കാണാത്ത നിരാശയില്‍നിന്നാണ് വിജയന്‍ മരണത്തെ പുല്‍കിയതെന്നാണ് സംശയിക്കപ്പെടുന്നത്. വിജയന്റെ ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കലാക്കിയെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിയമനത്തിന് ഐ സി ബാലകൃഷ്ണന്‍ 17 പേരുടെ പട്ടിക നല്‍കിയെന്നും റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ളവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുമായ പേരുകളാണ് നല്‍കിയതെന്നും ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. കോഴ നിയമനത്തിന് തയ്യാറാകാത്തതിനാല്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് താന്‍ പുറത്താക്കപ്പെട്ടെന്നും ഇയാള്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് മൂന്നു തവണയായി 17 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് ബത്തേരിയിലെ ഒരു കര്‍ഷകനും വെളിപ്പെടുത്തി. അതായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് വന്‍ കോഴയാണ് വാങ്ങുന്നതെന്ന് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു. കരുവന്നൂര്‍ ബാങ്ക് വിഷയം വന്നപ്പോള്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിനും മാധ്യമങ്ങള്‍ക്കും ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.
കരുവന്നൂരില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ കെപിസിസി നേതൃത്വം എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കെപിസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, എന്ത് നടപടിയാണ് അവര്‍ സ്വീകരിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ എന്തേ ഇതേക്കുറിച്ച് മൗനം പാലിക്കുന്നു. എന്നാല്‍, പെരിയ കൊലക്കേസ് വാര്‍ത്തയില്‍ ‘കണ്ണീര്‍മഴ’യും ‘കണ്ണീര്‍പ്പുഴ’യും ഒരേസമയം ഒഴുക്കിയ മാധ്യമങ്ങള്‍, ബത്തേരിയിലെ കോണ്‍ഗ്രസ് കുടുംബത്തിലെ കണ്ണീര്‍ കണ്ടതേയില്ല.
ഈ രണ്ടു വാര്‍ത്തയും നിഷ്പക്ഷമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന ചോദ്യമാണ് ഞാനിവിടെ ഉന്നയിക്കുന്നത്. സിപിഐ എമ്മുമായി ബന്ധമുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പെരിയ ഇരട്ടക്കൊലക്കേസ് പ്രമുഖ പത്രങ്ങളുടെയെല്ലാം തലക്കെട്ടായപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടിന് ഇരകളായി ജീവന്‍ വെടിഞ്ഞ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും മകനും ആത്മഹത്യ ചെയ്ത വാര്‍ത്ത അവരുടെ കണ്ണില്‍പ്പെട്ടതേയില്ല. ‘ഇവര്‍ കൊന്നതാണ്’ എന്ന തലക്കെട്ടില്‍ പെരിയ കേസ് വാര്‍ത്ത നല്‍കിയ ‘മലയാള മനോരമ’യില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യാവാര്‍ത്ത ചരമക്കോളത്തില്‍പ്പോലും ഇടം പിടിച്ചില്ല.
(എന്റെ വീടുള്ള മോറാഴയില്‍ വന്ന പത്രത്തില്‍). പെരിയ കേസിലെ പ്രതികള്‍ക്ക് സിപിഐ എം ബന്ധമുള്ളതിനാല്‍ ‘അവര്‍ കൊന്നതാണ്’ എന്ന തലക്കെട്ട് നല്‍കിയ മനോരമ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒന്നാം പ്രതിയായ സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കൊലക്കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ബ്രിജ് ഭൂഷണ്‍ ലോയ സംശയകരമായ സാഹചര്യത്തില്‍ നാഗ്പുരില്‍ മരിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാറിനെതിരെ വിരല്‍ ചൂണ്ടിയുള്ള സ്വന്തം ലേഖകന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍പോലും ധൈര്യം കാട്ടിയില്ലെന്ന കാര്യംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേന്ദ്രം ഭരിക്കുന്ന കക്ഷിക്കു മുമ്പില്‍ വണങ്ങാന്‍ മാത്രമല്ല, മുട്ടിലിഴയാനും മടിയില്ലാത്ത പത്രമാണ് തങ്ങളുടേതെന്ന് പലവട്ടം മനോരമ തെളിയിച്ചിട്ടുണ്ട്.
പെരിയ കേസ് ഒന്നാം പേജിലെ വാര്‍ത്തയ്ക്ക് പുറമെ നാല് പേജാണ് മനോരമ നല്‍കിയത്. പി പി ദിവ്യ വിഷയത്തിലും ഇതു തന്നെയായിരുന്നു സമീപനം. സിറിയയില്‍ ബാഷര്‍ അല്‍ അസദും ബംഗ്ലാദേശില്‍ ഷേയ്ക്ക് ഹസീനയും രാജ്യം വിട്ടോടിയതിനേക്കാള്‍ പ്രാധാന്യമാണ് സിപിഐ എം വിരുദ്ധവാര്‍ത്തകള്‍ക്ക് നല്‍കിയ പ്രാധാന്യം. മനോരമ ഇത് ഇന്ന് തുടങ്ങിയതല്ലെന്ന് ‘ഇന്ത്യയിലെ പത്ര വിപ്ലവം’ എന്ന പുസ്തകത്തില്‍ റോബിന്‍ ജെഫ്രി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം പ്രാദേശികമായ വാര്‍ത്തകള്‍ (സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍) അമിത പ്രാധാന്യത്തോടെ നല്‍കുന്നതെന്നാണ് റോബിന്‍ ജെഫ്രിയുടെ വിലയിരുത്തല്‍. അതോടൊപ്പം സിപിഐ എമ്മിനെ പ്രതിസന്ധിയിലാക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കുകയെന്ന മനോഭാവവും ഈ സമീപനത്തിന് പിന്നിലുണ്ട്.
മാതൃഭൂമിയാകട്ടെ വയനാട് വാര്‍ത്ത അവസാന പേജിന്റെ മൂലയില്‍ രണ്ടു കോളത്തിലൊതുക്കി എന്ന് മാത്രമല്ല, മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള സിപിഐ എം പ്രസ്താവനയാണ് വാര്‍ത്തയായി നല്‍കിയത്. അതായത് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി ഒരു വരിപോലും നല്‍കാന്‍ തയ്യാറായില്ല. മനുഷ്യാവകാശത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ഇടയ്ക്കിടയ്ക്ക് സിപിഐ എമ്മിന് ക്ലാസെടുക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ദിനപത്രം ഈ വാര്‍ത്തയേ നല്‍കിയില്ല. കേരള കൗമുദിയാകട്ടെ ഐ സി ബാലകൃഷ്ണന്റെ പ്രസ്താവന സിംഗിള്‍ കോളത്തില്‍ നല്‍കി ഞങ്ങള്‍ക്ക് ഈ വാര്‍ത്ത അറിയാമെന്നും സ്വന്തം നിലയില്‍ നല്‍കാന്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കി. (മോറാഴയില്‍ വന്ന പത്രങ്ങളില്‍)
പെരിയ കേസ് ലീഡ് വാര്‍ത്തയായി നല്‍കിയ മാധ്യമങ്ങള്‍ എന്തേ വയനാട്ടില്‍ കോണ്‍ഗ്രസിന്റെ അഴിമതിയുടെ ഫലമായി രണ്ട് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത കണ്ടില്ലെന്ന് നടിക്കുകയോ അപ്രധാനമായി നല്‍കുകയോ ചെയ്തത്. ഇത് കോണ്‍ഗ്രസിന്റെ പക്ഷം പിടിക്കലല്ലാതെ മറ്റെന്താണ്. പെരിയ കേസ് വാര്‍ത്തയല്ലെന്നോ അത് കൊടുക്കേണ്ടതില്ലെന്നോ അല്ല ഞാന്‍ പറയുന്നത്. അതു കൊടുക്കുമ്പോള്‍ മറുഭാഗത്തെ തെറ്റ് കാണാതെ പോകുന്ന ‘നിഷ്പക്ഷ ‘ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചാണ് പരാതി. വലതു പക്ഷത്തിന്റെ തെറ്റുകളും കുറ്റങ്ങളും പൊതുജനസമക്ഷത്തില്‍നിന്ന് മറച്ചുവയ്ക്കാന്‍ കാട്ടുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രമം അപലപനീയമെന്നു മാത്രമല്ല, മാധ്യമ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. യഥാര്‍ഥ വസ്തുതകളും വിവരങ്ങളും ജനങ്ങളില്‍ എത്തിക്കുകയെന്ന മാധ്യമധര്‍മമാണ് കേരളത്തിലെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും മറക്കുന്നത്. ഇത് ബോധപൂര്‍വമാണ്. മാധ്യമ മുതലാളിമാരുടെ കോര്‍പറേറ്റ് മൂലധന താല്‍പ്പര്യത്തിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തെ എന്തു വിലകൊടുത്തും ദുര്‍ബലമാക്കുകയും തകര്‍ക്കുകയും ചെയ്യുക എന്നത് ഇവരുടെ അജന്‍ഡയാണ്. അതാണ് ഇക്കാര്യത്തിലും നിഴലിച്ചു കാണുന്നത്. അതുകൊണ്ടൊന്നും ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള സിപിഐ എമ്മിനെയോ ഇടതുപക്ഷത്തെയോ തളര്‍ത്താനോ ദുര്‍ബലമാക്കാനോ കഴിയില്ല. യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ മനസ്സിലാക്കുകതന്നെ ചെയ്യും.