തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണങ്ങള്‍ തള്ളി സിപിഎം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 2019നെ അപേക്ഷിച്ച് 1.75 ശതമാനവും 2014നെ അപേക്ഷിച്ച് ഏഴ് ശതമാനവും വോട്ട് കുറഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. . ഇതിന്റെ കാരണം കൃത്യമായി പഠിച്ച് താഴേതട്ടില്‍ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുനഷ്ടത്തിന്റെ കാരണം ജനങ്ങളോട് തുറന്നുപറയും. തെറ്റായ പ്രവണതകള്‍ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ കാര്യങ്ങള്‍ തിരുത്തും. ഇത്തവണ യു.ഡി.എഫിന് 18 ലോക്സഭ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.
കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് വികസന പ്രവര്‍ത്തനമൊന്നും നടക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഒരു സര്‍ഗാത്മക പ്രവര്‍ത്തനവും അനുവദിച്ചുകൂടെന്നതാണ് അവരുടെ നിലപാട്. കെ-റെയില്‍ ഉള്‍പ്പെടെയുള്ളവയോടുള്ള എതിര്‍പ്പ് ഉദാഹരണമാണ്. കരുവന്നൂരിലെ ഇ.ഡി പ്രവര്‍ത്തനം ബിജെപിയെ സഹായിച്ചുവെന്നും അദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകളാണ് ബിജെപിയിലേക്കു പോയതെന്നു കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ദിവസം തന്നെ ആലപ്പുഴയില്‍ സിപിഎം വോട്ടുകളും ബിജെപിയിലേക്കു പോയെന്നു ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞിരുന്നു.
പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിനു കിട്ടിയില്ലെന്നും പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നുമാണ് നാസര്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ വിശ്വസിച്ച് എക്കാലവും ഒപ്പം നിന്നിരുന്ന വിഭാഗം ബിജെപിയിലേക്ക് ചായുന്നുവെന്നതും പാര്‍ട്ടി നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. തദ്ദേശതിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരിഞ്ഞെടുപ്പും വരാനിരിക്കെ, ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു ശക്തമായ തിരുത്തല്‍ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.