നേതാക്കൾ മാന്യമായി പെരുമാറണമെന്നും ഇടപെടലിലെ ശൈലി മാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്നും സി.പി.ഐ (എം) റിപ്പോർട്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെറ്റുതിരുത്തൽ കരടിലാണ് സ്വയം വിമർശനാത്മകമായ പരാമർശം. കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ നടപ്പാക്കാനായില്ലെന്ന വിമർശനവും കരടിലുണ്ട്.
കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. സംഘടനാസമ്മേളനങ്ങളുടെ ഘട്ടത്തിൽ പോലും ഇതിനുള്ള ശ്രമമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വർഗബഹുജന സംഘടനകളുടെ അടിത്തറ ശക്തമാക്കാനായില്ല, ഇതിലൂടെ എത്തുന്നവരെ കേഡർമാരാക്കി മാറ്റാൻ കഴിയുന്നില്ല എന്ന വിമർശനവും റിപ്പോർട്ടിൽ ഉണ്ട്. യുവാക്കളെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കാനാവണം. സമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ മുന്നോട്ട് പോയിട്ടില്ലെന്നും കരടിൽ പറയുന്നു. പാർട്ടിയുടെ പ്രതിച്ഛായ മാറ്റാനുള്ള നേതൃയോഗങ്ങൾക്കാണ് തിരുവനന്തപുരം എ.കെ.ജി സെന്ററിൽ തുടക്കമായിരിക്കുന്നത്. നാളെയും മറ്റന്നാളും സെക്രട്ടേറിയറ്റ് തുടരും.
ബുധനാഴ്ച മുതൽ മൂന്നുദിവസം നീളുന്ന സംസ്ഥാന സമിതിയായിരിക്കും രേഖയ്ക്ക് അന്തിമരൂപം നൽകുക. സർക്കാരിന്റെ പ്രവർത്തനങ്ങളും യോഗങ്ങൾ വകുപ്പു തിരിച്ച് വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മന്ത്രിമാർ സെക്രട്ടറിക്ക് കൈമാറി. സർക്കാരും പാർട്ടിയും ഏറ്റെടുക്കേണ്ട പരിപാടികളുടേയും പദ്ധതികളുടേയും രൂപരേഖ യോഗങ്ങൾ തയ്യാറാക്കും.