രാജ്യത്തിന്‍റെ എഴുപത്തിയഞ്ചാം സ്വതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ സിപിഎം. എകെജി സെന്‍റർ ഉൾപ്പെടെ സിപിഎമ്മിന്‍റെ ഓഫീസുകളിൽ ഇന്ന് ദേശീയ പതാക ഉയർത്തും. ചരിത്രത്തിൽ ആദ്യമായാണ് ഓഫീസിൽ പതാക ഉയർത്തി വിപുലമായ ആഘോഷ പരിപാടികൾ സിപിഎം നടത്തുന്നത്.
സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്‍ററില്‍ എ. വിജയരാഘവന്‍ രാവിലെ എട്ടിന് പതാക ഉയര്‍ത്തും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ആർഎസ്എസ് നിലപാടുകൾക്കെതിരായ വിപുലമായ പ്രചാരണ പരിപാടികളും സിപിഎം നടത്തും. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.
ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് 75ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സിപിഎം കേരളത്തിൽ തീരുമാനിച്ചിരിക്കുന്നത്. 1947 ആഗസ്ത് 15നു ലഭിച്ചത് പൂർണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സിപിഎം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ–ബോധവൽക്കരണ പരിപാടി നടത്താനാണ് തീരുമാനം.
കഴിഞ്ഞ കുറേ വർഷങ്ങളായി ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സിപിഎമ്മിന്‍റെ പോഷക സംഘടനകൾ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. ഭരണഘടനയുടെയും മതനിരപേക്ഷതയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് ഈ സംഘടനകൾ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നത്. എന്നാൽ പാർട്ടി എന്ന നിലയ്ക്ക് സിപിഎം ഇതുവരെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിട്ടില്ല. ബിജെപിയും സംഘപരിവാറും ഇക്കാര്യം ഉന്നയിച്ച് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.