വരാനിരിക്കുന്ന സി.പി.എം ബ്രാഞ്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകന്റെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ പൊലീസിനോട് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി.
കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പകർപ്പ് അടുത്ത വാദം കേൾക്കുന്ന തിയതിക്കകം സമർപ്പിക്കാൻ ജസ്‌റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്‌റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു. ഭർത്താവിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരി പറഞ്ഞു.
ഹർജിക്കാരിയുടെ ഭർത്താവും സി.പി.എം പാർട്ടി അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവൻ പൊരിയന്റെപറമ്പിലിനെ സെപ്റ്റംബർ 29നാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. ഇദ്ദേഹത്തെ കാണാതായ അന്നു വൈകുന്നേരം തന്നെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ വിവരം അറിയിച്ചിരുന്നു.
എന്നാൽ സജീവനെ കാണാതായതല്ലെന്നും പാർട്ടിക്കുള്ളിലെ വിമതനീക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലാണെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാരി ആരോപിച്ചു. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കണ്ടതിനെ തുടർന്ന് ഹർജിക്കാരി അടിയന്തര നടപടി ആവശ്യപ്പെട്ട് ഒക്ടോബർ 6ന് ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചു. എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി പറയുന്നു.
Read more
തന്റെ ഭർത്താവ് എവിടെയാണെന്ന് അന്വേഷിക്കേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും പൊലീസ് സൂപ്രണ്ടിന്റെയും നിയമപരമായ കടമയായതിനാൽ, ഈ വിഷയത്തിൽ അവർ അലസമായ സമീപനം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരി വാദിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ സോനു അഗസ്റ്റിൻ, വി.പ്രവീൺ എന്നിവർ ഹാജരായി.