സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ആദ്യത്തെ ജില്ലാ സമ്മേളനം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പല ജില്ലകളിലും പ്രാദേശിക വിഭാഗീയത പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. 18 ഏരിയാ കമ്മിറ്റികളില്‍ നിന്നുളള 250 പ്രതിനിധികളും, 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുളള സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് ഉദ്ഘാടനത്തിലുള്ളത്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇപി ജയരാജന്‍, എംവി ഗോവിന്ദന്‍, പികെ ശ്രീമതി, കെകെ ശൈലജ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. 2022 ലാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. സാധാരണയായി മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാല് വര്‍ഷമായി നീണ്ട് പോവുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് ബ്രാഞ്ച് മുതല്‍ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങള്‍ നടക്കുന്നത്. 35,179 ബ്രാഞ്ച് സമ്മേളനങ്ങളും, 2,273 ലോക്കല്‍ സമ്മേളനങ്ങളും നടന്നിരുന്നു. ഏരിയാ സമ്മേളനത്തില്‍ 209 എണ്ണത്തില്‍ കുറച്ച് എണ്ണം മാത്രമാണ് പൂര്‍ത്തിയാകാത്തത്. കണ്ണൂരില്‍ പൂര്‍ണ്ണമായും മറ്റ് ജില്ലകളില്‍ 70 ശതമാനവും ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്.
ഈ അടുത്ത കാലത്തായി ഉണ്ടായ പൊലീസ് വീഴ്ചകളില്‍ മുഖ്യമന്ത്രിക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതടക്കം പാര്‍ട്ടി സമ്മേളനത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകും. കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിശോധനയും, അതിലെ നേട്ടങ്ങളും കോട്ടങ്ങളും അടക്കം ഇത് വരെയുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഏരിയാ സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കെതിരെ പല ഇടങ്ങളിലും ശക്തമായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മോന്‍സണ്‍ വിവാദവും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിഴ്ചകളും, ലോക്കല്‍ പൊലീസിന്റെ കൃത്യവിലോപവുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ വീഴ്ചകളും, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ജില്ലാ സമ്മേളനങ്ങളിലും നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം.