എറണാകുളത്ത് പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പും ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ആത്മഹത്യയും അന്വേഷിക്കാൻ ഒരുങ്ങി സിപിഎം. നേതാക്കള്‍ക്കെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം കളമശ്ശേരി ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിഎം ഇസ്മയില്‍, പി ആര്‍ മുരളി എന്നിവരാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവർക്കെതിരായ പരാതിയും അന്വേഷിക്കും. സക്കീർ ഹുസൈൻ അടക്കമുള്ള നേതാക്കളാണ് തന്‍റെ മരണത്തിനു ഉത്തരവാദികൾ എന്നായിരുന്നു ലേക്കല്‍ കമ്മിറ്റി അംഗം സിയാദിന്‍റെ ആത്മഹത്യാകുറിപ്പ്.
വിവാദമായ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ആത്മഹത്യക്ക് പ്രളയ തട്ടിപ്പുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞിരുന്നു.
സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പു സംബന്ധിച്ച് സംസ്ഥാന പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കരുതാനാവില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.