ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് സിപിഎം നിലപാടെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീം കോടതിയുടെ ആദ്യവിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ലെന്നും ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വിധി പുനഃപരിശോധിക്കുമ്പോള്‍ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
വ്യക്തത ഇല്ലാത്തതാണ് നിലവില്‍ വിധി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതീപ്രവേശനത്തില്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചില്‍ നിന്ന് കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി എന്തിന് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നെന്നും യെച്ചൂരി ചോദിച്ചു.