പിപി ദിവ്യയുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദ്ദേശ പ്രകാരം സിപിഎം ആണ് പിപി ദിവ്യയെ ഒളിപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു. ഒരു കുടുംബത്തിന് നീതി കൊടുക്കാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതെന്ന തെറ്റായ വാദം പ്രചരിപ്പിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. ദിവ്യ കീഴടങ്ങിയതാണെന്നും അവര്‍ പാര്‍ട്ടി ഗ്രാമത്തിലായിരുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണം കൃത്യമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎം പിപി ദിവ്യയെ രക്ഷപെടുത്താനുള്ള മുഴുവന്‍ ശ്രമങ്ങളും നടത്തി. നവീന്‍ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ത്ത്, അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലുള്ള ആദര്‍ശത്തിന്റെ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സിപിഎം ശ്രമിച്ചു. അതില്‍ സിപിഎം ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശന്‍ വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യം നിരസിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു എന്ന് പറഞ്ഞാല്‍ അത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് തന്നെയാണ്. ദിവ്യ എവിടെയെന്ന് പൊലീസിന് നേരത്തെ അറിയാമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.