സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. മുഖ്യമന്ത്രിയെ വേദിലിരുത്തി തന്നെയായിരുന്നു അലന്‍ താഹ വിഷയവും, കെ റെയില്‍ പദ്ധതിയും, കേരളാ പൊലീസിന്റെ വീഴ്ചകളുമെല്ലാം പ്രതിനിധികള്‍ ഉയര്‍ത്തി കാട്ടിയത്. സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.
യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോയെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ചോദിച്ചു. യു.എ.പി.എ വിഷയത്തില്‍ ദേശീയ തലത്തിലെ നിലപാട് കോഴിക്കോട് ഉണ്ടാകാത്തില്‍ അവര്‍ അതൃപ്തി അറിയിച്ചു. ദേശീയതലത്തില്‍ സി.പി.എം എതിര്‍ നിലപാടാണ് സ്വീകരിക്കുന്നത്. യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ എന്ന് അവര്‍ ചോദിച്ചു. വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് അവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് തെളിവില്ലെന്ന് കാണിച്ച് കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയുടെ രണ്ട് സജീവ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതാണ് സമ്മേളനത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. ന്യായമായ വിഷയങ്ങളില്‍ പോലും പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ മോശമായിട്ടാണ് പെരുമാറുന്നത്.
കെ റെയില്‍ പദ്ധതിക്കെതിരെയും വിമര്‍ശനം ഉണ്ടായി. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതേ നിലപാടിലാണ് കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നത് എങ്കില്‍ കടുത്ത് തിരിച്ചടി ഉണ്ടാകുമെന്ന് കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും പ്രതിനിധികള്‍ പറഞ്ഞു.
Read more
വടകരയിലും കുറ്റ്യാടിയിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. ഇവിടെ പാര്‍ട്ടിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുറ്റ്യാടിയില്‍ 2016-ല്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ ശക്തമായ നടപടി എടുക്കാതിരുന്നതാണ് പിന്നീട് അവിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നു.