സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ്ലിം ലീഗിന്റെ സമീപനം ശ്ലാഘനീയമെന്ന് സിപിഎം നേതാവ് എകെ ബാലൻ. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് അവർ തന്നെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു എന്നും എകെ ബാലൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സമീപനത്തെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗ്. മുസ്ലിം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നു. ഏതു പക്ഷത്തു നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനം എടുക്കുന്നു. ഗോവിന്ദൻ മാഷിനുള്ള പിന്തുണയും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണെന്നും എകെ ബാലൻ വ്യക്തമാക്കി.
കോൺഗ്രസ്സിന്റെ വെറുപ്പുണ്ടായിട്ടും സിപിഐഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണെന്നും ബാലൻ കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സ്ഥിരീകരിച്ചിരുന്നു. നേതൃത്വം കൂടി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിലെ പണം ചെലവാക്കൽ നിക്ഷേപമാണെന്നും എകെ ബാലൻ പറഞ്ഞു. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിക്കിരട്ടി തിരിച്ചുകിട്ടുമെന്ന പറഞ്ഞ അദ്ദേഹം കലോത്സവത്തെയും കായികമേളയും ധൂർത്തെന്ന് ആരെങ്കിലും പറയുമോ എന്നും എകെ ബാലൻ ചോദിച്ചു.