ആലപ്പുഴയില്‍ ദേശീയപാതയുടെ വികസനം പൂര്‍ത്തിയായാല്‍ യൂറോപ്പിന്റെ സൗന്ദര്യം പോലെയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അതു കാണാന്‍ തീര്‍ഥാടകരെപ്പോലെ ആളുകളെത്തും. ഫ്രഞ്ച് വിപ്ലവം നടന്ന നാട്ടില്‍ 400 വര്‍ഷം കൊണ്ടുണ്ടായ വളര്‍ച്ച എത്രയാണോ ആ തലത്തില്‍ കേരളത്തെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
യുഡിഎഫ് ദേശീയപാതാ വികസനം വേണ്ടെന്നു പറഞ്ഞവരാണ്. സില്‍വര്‍ലൈനിനെയും ഇങ്ങനെയാണ് യുഡിഎഫും ബിജെപിയും എതിര്‍ത്തത്. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ജനങ്ങളെ വയല്‍ക്കിളികള്‍ തെറ്റിദ്ധരിപ്പിച്ചു. പക്ഷേ, സെന്റിന് 6,000 രൂപ വിലയുള്ളിടത്തു സര്‍ക്കാര്‍ 6 ലക്ഷം നല്‍കിയപ്പോള്‍ എതിര്‍പ്പെല്ലാം ഇല്ലാതായി അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
എത്ര വലിയ നേതാവിന്റെയും തെറ്റായ പ്രവണതയെ നേരിടുമെന്നും വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പോയവരെ തിരികെക്കൊണ്ടുവരുമെന്നുമാണു പാര്‍ട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഏറ്റവും പ്രധാനമാണ്. അതില്‍ വെള്ളം ചേര്‍ത്തു വ്യാഖ്യാനിച്ചിട്ടു കാര്യമില്ല. മാധ്യമങ്ങളുമായി ചേര്‍ന്നു കാര്യങ്ങള്‍ നീക്കേണ്ട. പുറത്തു പറയാന്‍ തീരുമാനിച്ചതു പാര്‍ട്ടി പറയും. അതു മാത്രമേ പറയൂ. സംഘടനയില്‍ ചില പ്രശ്‌നങ്ങളുണ്ടായ സമയത്താണു ജാഥ തുടങ്ങിയത്.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനാണോ ജാഥയെന്നു ചോദ്യമുണ്ടായി. അതെല്ലാം പരിഹരിച്ചു. ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍, തെറ്റായ പ്രവണതകളെ നേരിട്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടു പോകാനാവില്ല. സംഘടനാ നടപടി കാരണം നഷ്ടമുണ്ടായേക്കും. എന്നാല്‍, അതിനെക്കാള്‍ ലാഭകരമായ സാമൂഹിക സ്ഥിതി പാര്‍ട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.