സമസ്ത പിളര്‍പ്പിലേക്ക്, പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥിയെ പാണക്കാട്ട് കുടുംബത്തില്‍ നിന്ന് കണ്ടെത്താന്‍ സി പിഎം നീക്കം

കേരളത്തിലെ ഏറ്റവും പ്രമുഖ മതപണ്ഡിത സംഘടനയായ സമസ്ത കേരളാ ജംയുത്തല്‍ ഉലമ പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. പിളരുന്ന വിഭാഗം കാന്തപുരം അബൂബക്കര്‍ മുസ്‌ളിയാരുടെ എ പി സുന്നി വിഭാഗവുമായി കൈകോര്‍ക്കാനാണ് നീക്കം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ മുസ്‌ളീം സമുദായവുമായി ബന്ധപ്പെട്ട് സി പി എം കൈക്കൊള്ളുന്ന തന്ത്രപരമായ നീക്കങ്ങളുടെ പരിണിതഫലമാണ് സമസ്തയിലെ പിളര്‍പ്പ്. സമസ്തയെ പിളര്‍ത്തി ലീഗിനെ ദുര്‍ബലമാക്കാനുള്ള സി പി എം തന്ത്രം ഏറെക്കുറെ ഫലം കണ്ട് തുടങ്ങിയെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം മുസ്‌ളീം ലീഗ് ഇടതു മുന്നണിയിലേക്ക് പോകണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും. അതോടൊപ്പം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാണക്കാട് കുടംബത്തില്‍ നിന്നുള്ള ഒരംഗത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മുസ്‌ളീം ലീഗിനെതിരെ പൊന്നാനിയില്‍ മല്‍സരിപ്പിക്കാനുളള നീക്കവും സി പി എം നടത്തുന്നുണ്ട്്. ഈ നീക്കത്തെ സമസ്ത നേതൃത്വം പിന്തുണക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന്റെ രാഷ്ട്രീയ രക്ഷകര്‍തൃത്വം ഇനി തങ്ങള്‍ക്ക് വേണ്ടാ എന്നാണ് സമസ്തയിലെ വലിയൊരു വിഭാഗം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഈ പ്രബല വിഭാഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ളിയാരുമായി കൈകോര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നേരത്തെ സമസ്ത്ക്ക് വേണ്ടി രാഷ്ട്രീയ ഇടപടെലുകള്‍ നടത്തിയിരുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് നേരിട്ടായിരുന്നു. എന്നാല്‍ 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സമസ്ത സി പി എമ്മുമായി നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങി. മുസ്‌ളീം ലീഗിന്റെ മധ്യസ്ഥത ആവശ്യമില്ലാതെ തന്നെ സമസ്തക്ക് സര്‍ക്കാരില്‍ നിന്നും ധാരാളം പരിഗണന കിട്ടാന്‍ തുടങ്ങി. സമസ്ത ആവശ്യപ്പെടുന്നതെന്തും യാതൊരു മടിയും കൂടാതെ പിണറായി സര്‍ക്കാര്‍ ചെയ്ത് കൊടുക്കുന്നത് കൊണ്ട് ഇനി മുസ്‌ളീം ലീഗിന്റെ രാഷ്ട്രീയ പിന്തുണ ആവശ്യമില്ലന്ന് തന്നെ സമസ്ത നേതൃത്വം ചിന്തിച്ചു.

സമസ്ത പോലുള്ള ഒരു ഇസ്‌ളാമിക മത പണ്ഡിത സംഘടന മുസ്‌ളീം ലീഗ് പോലൊരു രാഷ്ട്രീയപാര്‍ട്ടിയുടെ വാലായി മാറുന്നതിനെതിരെ സമസ്തയെ അനകൂലിക്കുന്ന മത പണ്ഡിതര്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വാലായി മാറാതെ നിലകൊള്ളുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ളീയാര്‍ക്ക് എല്ലാ രാഷ്ട്രീയക്കാരിലും വിപുലമായ സ്വാധീനമുള്ളത് സമസ്തയെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മുസ്‌ളീംലീഗിന്റെ മധ്യസ്ഥതിയില്ലാത വന്നാല്‍ സമസ്ത പറയുന്ന എന്തും പരിഗണിക്കാമെന്ന സന്ദേശം പിണറായി വിജയന്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് ലീഗിനെ മാറ്റി നിര്‍ത്തി, കാന്തപുരവുമായി കൈകോര്‍ത്ത് ഒരു സ്വതന്ത്ര സംഘടനയായി നിലനില്‍ക്കാന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്തയിലുള്ള വലിയൊരു വിഭാഗം ശ്രമിക്കുന്നത്.

1989 വരെ സമസ്ത കേരളാ ജംയുത്തല്‍ ഉലമാ എന്ന ഒറ്റ സംഘടനയായാണ് ഇത് നിലകൊണ്ടിരുന്നത്. പിന്നീട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ളീയാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞു പോയി. അവര്‍ എ പി സുന്നികള്‍ എന്നറിയപ്പെട്ടു. എ പി സുന്നികള്‍ അറിയപ്പെടുന്ന ലീഗ് വിരുദ്ധരും അത് കൊണ്ട് തന്നെ സി പി എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ മാറിവരികയും ഹിന്ദുത്വ ശക്തികള്‍ ദേശീയ രാഷ്ട്രീയത്തില്‍ ആധിപത്യം ചെലുത്തുകയും ചെയ്തതോടെ മുസ്‌ളീം സംഘടനകളുടെ ഐക്യത്തിന് മുമ്പെന്നെത്താക്കാളുമേറെ പ്രധാന്യം കൈവരുകയും ചെയ്തു. മാത്രമല്ല കോണ്‍ഗ്രസ് കേരളത്തിലും കേന്ദ്രത്തിലും ദുര്‍ബലമാവുകയും ചെയ്തു. അത് കൊണ്ട് തന്നെ പുതിയ ചില രാഷ്ട്രീയ ബാന്ധവങ്ങള്‍ അനിവാര്യമാണെന്നാണ് മുസ്‌ളീ മത പണ്ഡിതസംഘടനകള്‍ കരുതുന്നത്. മുസ്‌ളീം ലീഗ് പോലെ വിട്ടുവീഴ്ചാ രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയക്കാരുടെ രക്ഷകര്‍തൃത്വം സ്വീകരിക്കുന്നത് സമസ്ത പോലുള്ള സംഘടനകളുടെ കരുത്ത് ചോര്‍ത്താന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് വലിയൊരു വിഭാഗം മതപണ്ഡിതര്‍ വിശ്വസിക്കുന്നത്.

Read more

അതേ സമയം സമസ്തയെ സി പി എമ്മിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടാനുള്ള നീക്കത്തിനെതിരെ ആ സംഘടനക്കുളളില്‍ നിന്ന് തന്നെ ശക്തിയായ വിമര്‍ശനം ഉയരുന്നുണ്ട്. ജിഫ്രിമുത്തുക്കോയ തങ്ങളെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ സി പി എം ബാന്ധവത്തിനെതിരെ അതി ശക്തമായി രംഗത്തുണ്ട്. അത് കൊണ്ട് തന്നെയാണ് കാന്തപുരം വിഭാഗവുമായി കൈകോര്‍ത്ത് സി പി എമ്മിനോട് ചേര്‍ന്ന് നില്‍ക്കാന്‍ തിരുമാനിച്ചാല്‍ സമസ്തയില്‍ വീണ്ടും പിളര്‍പ്പുണ്ടാകുമെന്ന സൂചന ശക്തമായിരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പിന്തുണക്കുന്ന സമസ്ത നേതൃത്വത്തിലുള്ള ഒരു വിഭാഗം ജിഫ്രിതങ്ങളുടെ നേതൃത്വത്തിലുള്ള വിഭാഗം നടത്തുന്ന നീക്കങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പ് സംഘടനക്കുള്ളില്‍ പ്രകടിപ്പിക്കുന്നുമുണ്ട്.