കണ്ണൂരില്‍ 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്മേലുള്ള ചര്‍ച്ചയും ഇന്ന് നടക്കും.
വൈകുന്നേരം നാല് മണിക്കാണ് വരുന്ന നാല് വര്‍ഷത്തേക്ക് ഇന്ത്യയിലെ സി പിഎമ്മിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കേരളത്തിലെ സി പിഎം നിലപാട് രാഷ്ട്രീയ പ്രമേയത്തില്‍ നിഴലിക്കും.
ബി ജെ പിയെ നേരിടാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്നും, എന്നാല്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പിന്തുടരുന്ന മൃദുഹിന്ദുത്വ നയങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലന്നും അത് കൊണ്ട് തന്നെ കോണ്‍ഗ്രസുമായി ബി ജെ പിക്കെതിരെ രാഷ്ട്രീയ സംഖ്യം വേണ്ടെന്നുമുളള അഭിപ്രായത്തിനാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ മേല്‍ക്കൈ. കേരളത്തിലെ ഇടതുമുന്നണി വിപൂലീകരണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. കേരളമൊഴികെയുള്ള ശക്തികേന്ദ്രങ്ങള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയാണ് ദേശീയ തലത്തില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് സി പിഎം അംഗീകരിച്ചിട്ടുണ്ട്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്തു. പ്രായോഗിക സമീപനമാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ ആവശ്യമെന്നും അതിനായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണമെന്നും ഡി.രാജ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. കോണ്‍ഗ്രസ് ആത്മപരിശോധന നടത്താന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയിരുന്നു.പിബി അംഗങ്ങളും,പ്രതിനിധികളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും,നിരീക്ഷകരും ഉള്‍പ്പെടെ 811 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. അഞ്ച് നാള്‍ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം 10ാം തിയതി ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും.