ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതും ന്യൂനപക്ഷ ഏകീകരണവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം റിപ്പോര്‍ട്ട്. പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിമര്‍ശനം. സംസ്ഥാനത്തെ വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ കേരളാ ഘടകത്തിന്റെ അവകാശവാദം.
വോട്ട് ചോര്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. അതേ സമയം കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു.
വിശദചര്‍ച്ച സംസ്ഥാന സമിതിയില്‍ നടത്തിയ ശേഷം കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. ജൂണ്‍ രണ്ടാംവാരത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയിലേ വിശദമായ അവലോകനം നടക്കൂ.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. എല്‍ഡിഎഫിന് കേരളത്തില്‍ നിന്നുള്ള ഏക എംപി ആലപ്പുഴയില്‍ വിജയിച്ച എ എം ആരിഫ് മാത്രമാണ്.