പത്തനംതിട്ട തിരുവല്ലയിൽ ഞായറാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് സി.പി.എം പൊതുയോഗം. പുതുതായി പാർട്ടിയിൽ ചേർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. സംഭവത്തിൽ വിശദീകരണം നൽകാൻ സി.പിഎം തയ്യാറായിട്ടില്ല.
അവശ്യസർവീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ ആണ് എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.